Friday 21 February 2014

ഉമ്മ വിളക്ക്

ഉമ്മ വിളക്ക് 

വെളുപ്പിനേ തുടങ്ങിയതാണ്‌ മഴ. സമയമിപ്പോള്‍പത്തുമണിയായിരിക്കുന്നുപുലര്‍മഴയില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു ഞാന്‍.  എവിടെ നിന്നൊക്കെയോ വന്നു ഒന്നായൊഴുകുന്ന മഴത്തുള്ളികള്‍. പിന്നെ ഇഴപിരിക്കാനാവാത്തവിധം അലിഞ്ഞു ചേരുന്നു. ചിലപ്പോള്‍ എവിടെയൊക്കെയോ തട്ടിതടഞ്ഞു വീണ്ടും പല വഴിക്ക് തിരിഞ്ഞു പോവുന്നു. മനുഷ്യബന്ധങ്ങളും ഇങ്ങനെതന്നെയാണ്. പലപ്പോഴും.
"ദാ, ചായ"
ഭാര്യ കടുപ്പത്തിലുള്ള ചായയുമായ് വന്നു.
"അല്ലാ, നിങ്ങള്‍ പോകുന്നില്ലേ?"
"പോണം, ഈ മഴയൊന്നു തോര്‍ന്നിട്ടാകാം എന്ന് കരുതി."
മഴ എത്ര നോക്കിനിന്നാലും മതിവരാത്ത അനുഭൂതിയാണ്. എത്രകേട്ടാലും മടുക്കാത്ത താളമാണതിന്. നോക്കിനോക്കി നില്‍ക്കെ മഴ തോര്‍ന്നു. മുറിയില്‍ ചെന്ന് വസ്ത്രം മാറി. പുറത്തേക്കിറങ്ങുന്നേരം ഭാര്യ വീണ്ടും ഓര്‍മിപ്പിച്ചു.
"ദേ, ..ങ്ങളെ ഉമ്മാനോട് ..ന്റെ അന്വേഷണം പറയാന്‍ മറക്കരുതേ.."
"ഇല്ല, മറക്കാതെ പറഞ്ഞോളാം.."
പടിവാതില്‍ ചാരുന്നതിനിടയില്‍ മറുപടി അവള്‍ കേട്ടോ ആവോ.
          റോഡിന്റെ വശം ചേര്‍ന്ന് നടന്നു. ഞായറാഴ്ച്ചയായതിനാലാവാം റോഡു വിജനമാണ്. ഈ വളവു തിരിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്. വഴിയിലാകെ ചരല്‍കല്ലുകള്‍ പൊതിര്‍ന്നു കിടക്കുന്നു. മഴ നല്ലത് പോലെ തോര്ന്നിട്ടുണ്ടെങ്കിലും ഇടവഴിയിലെ മരങ്ങള്‍ മഴചാറ്റുന്നുണ്ടായിരുന്നു. നേരെ ചെന്നെത്തുന്നത് നാട്ടിലെ പ്രധാന പള്ളിയിലേക്കാണ്. പള്ളിക്ക് പിറകില്‍ വിശാലമായ പള്ളിക്കാട്. പറങ്ങിമാവുകള്‍ തണലിട്ട വഴിയിലൂടെ ഞാന്‍ നടന്നു. ഉമ്മാന്റെ ഖബറിന്നരികിലെത്തി. നിറം മങ്ങിത്തുടങ്ങിയ മീസാന്‍ കല്ലിനും ഖബറിന് മുകളില്‍ പടര്‍ന്നു നില്‍ക്കുന്ന കള്ളിചെടിക്കും ഒരേ പ്രായം. അന്ന് നട്ട കള്ളിചെടിയുടെ കൊമ്പ് ഇന്ന് പൂത്തുതളിര്‍ത്തു ഒരു തണലായി നില്‍ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഒരു തണലായി നിന്നതും ഉമ്മയായിരുന്നല്ലോ.
         ആറു മാസം മുമ്പ് ഇതുപോലുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്താണ് ഉമ്മ... നെറ്റിയില്‍ തൊട്ടപ്പോള്‍ അരിച്ചുകയറിയ തണുപ്പ് മനസ്സിന്റെ ആഴത്തിലെവിടെയോ പൊള്ളിച്ചു. ആ നീറ്റല്‍ ഇപ്പോഴും ഒരു കനലായി എരിഞ്ഞുകൊണ്ടിരിക്കുന്നു. ഹൃദയാഘാതമായിരുന്നു. അല്ലെങ്കിലും ഇത്രയധികം നൊമ്പരം ഉള്ളിലടക്കിപ്പിടിച്ചു ജീവിച്ച ഉമ്മാക്ക് ഹൃദയത്തിനല്ലേ അസുഖം വരൂ. ഇന്ന് ഉമ്മ, പ്രശ്നങ്ങളൊന്നുമില്ലാത്ത  ലോകത്ത് ശാന്തമായുറങ്ങുന്നു. ദേ, ഇവിടെത്തന്നെ. ഉമ്മയറിയുന്നുണ്ടോ, ഉമ്മാന്റെ പൊന്നുമോന്‍ ഇതാ ചാരെ വന്നു നില്‍ക്കുന്നു. പണ്ട് വിഷമങ്ങള്‍ വരുമ്പോള്‍ മുകളിലേക്ക് രണ്ടു കയ്യും ഉയര്‍ത്താന്‍ പഠിപ്പിച്ച ഉമ്മ താഴെ ഈ മണ്ണിലുറങ്ങുമ്പോള്‍  കണ്ണുകളെങ്ങിനെ മുകളിലേക്കുയരും? ഉമ്മാക്ക് പൊറുത്തുകൊടുക്കണേ എന്നതിനേക്കാളും ഞാന്‍ പ്രാര്‍ഥിക്കാറുള്ളത് ആ മനസ്സിലുണ്ടായിരുന്ന നന്മയുടെ വെളിച്ചം എന്റെ മനസ്സിലും നിറച്ചു തരണേ പടച്ചവനെ എന്നാണ്. ഉമ്മ, നിങ്ങള്‍ എന്നെ തനിച്ചാക്കിയെന്നു ഒരിക്കലും തോന്നിയിട്ടില്ല. കണ്ണ് നനഞ്ഞു പോവുമെങ്കിലും ഓര്‍ക്കാന്‍ സുഖമുള്ള ഒത്തിരി ഓര്‍മ്മകള്‍ ഉമ്മയെനിക്ക് ബാക്കി വെച്ചിട്ടില്ലേ. പിന്നെ ഉമ്മതന്നെ എന്റെ വലം കയ്യില്‍ ചേര്‍ത്തു വെച്ചുതന്ന എന്റെ ഭാര്യയും. ഉമ്മയോട് പ്രത്യേകം അന്വേഷണം പറഞ്ഞിട്ടുണ്ടവള്‍. അവളാണ് ഇന്നെന്റെ ഭാഗ്യം.
          


          സലാം ചൊല്ലി തിരിച്ചുനടക്കാന്‍ നേരം ഒന്നുകൂടെ തിരിഞ്ഞു നോക്കി. ആ മീസാന്‍ കല്ലിന്റെ മുകളില്‍ നിന്നും ഇമനനയാതെ കണ്ണെടുക്കാന്‍ വല്ലാതെ പണിപെട്ടു. ഇപ്പോള്‍ ഒന്നുപെയ്തു തോര്‍ന്നെയുള്ളൂവെങ്കിലും മേലെ ആകാശത്ത് മേഘം മൂടികെട്ടി നില്‍ക്കുന്നു. തിമിര്‍ത്തുപെയ്യാന്‍  വെമ്പിനില്‍ക്കുന്ന മഴക്കാറിനകത്തു ഉമ്മയുടെ മുഖം തെളിയുന്നുണ്ടോ? ഇല്ല. വെറുതെ ഓരോ തോന്നലാണെല്ലാം. പള്ളിക്കാട്ടില്‍ പടര്‍ന്നു നില്‍ക്കുന്ന മൈലാഞ്ചിച്ചെടികള്‍ വകഞ്ഞുമാറ്റി നടക്കുന്നതിനിടയില്‍ ഒരു മൈലാഞ്ചികൊമ്പ് നെറ്റിയില്‍ കൊണ്ടു. ചെറിയ വേദന തോന്നി. ഈ പള്ളിക്കാട്ടില്‍ ഇത്രയധികം മൈലാഞ്ചിച്ചെടികള്‍ ഉണ്ടായിട്ടും ഒരു പെണ്‍കുട്ടിയും ഈ വഴി വരാത്തതെന്തേ? ഈ മൈലാഞ്ചിയരച്ചു കൈകളിലിട്ടാല്‍ ആ കൈകള്‍ മാത്രമല്ല ചിലപ്പോള്‍ കണ്ണുകളും ചുവന്നേക്കാം. കാരണം, പൊള്ളുന്ന നേരിന്റെ അമ്പു നെഞ്ചില്‍ തറക്കുമ്പോയാണല്ലോ കരഞ്ഞുകലങ്ങി നമ്മുടെ കണ്ണുകള്‍ ചുവന്നു പോകുന്നത്.
പണ്ട് ഉമ്മ പറയുമായിരുന്നു:
"..മ്മളെ ജീവിതത്തിലെ ഏറ്റവും വലിയ നേര് എന്താന്നറിയോ? അത് മരണമാണ്.."
          അതെ, ആ നേരിന്റെ ആഴങ്ങളില്‍ നിന്നാണല്ലോ ഈ മൈലാഞ്ചിച്ചെടികള്‍ മുളച്ചുപൊന്തുന്നത്. കണ്ണും കരളും ചുവന്നുപ്പോകും. ഉമ്മ പറഞ്ഞു തന്ന മരണമെന്ന സത്യത്തിലേക്ക് ആദ്യം നടന്നുപോയത്‌ ഉപ്പയാണ്. ഇപ്പോള്‍ ഉമ്മയും.

******************************************************
          
          വീട്ടില്‍ വന്നു കയറിയതും മഴ തുള്ളിക്കൊരുകുടം പെയ്യാന്‍ തുടങ്ങി. ജൂണ്‍ മാസം തുടങ്ങുന്നേയുള്ളൂ. ഇനിയിപ്പോ എന്നും നിര്‍ത്താത്ത മഴയായിരിക്കും.
"..ങ്ങള് കുടയെടുക്കാതെയാണല്ലേ പോയത്. എടുതുതരാന്‍ ഞാന്‍ മറന്നും പോയി. ഏതായാലും ..ങ്ങക്ക് നല്ല ഭാഗ്യാട്ടോ.. മഴവരുന്നതിന് മുമ്പേ ഇവിടെയെത്തിയില്ലേ.."
"എടീ.., അല്ലെങ്കിലും ലോകത്ത് ഏറ്റവും ഭാഗ്യമുള്ളവന്‍ ഞാന്‍ തന്നെയാ.."
"ആരാ ..ങ്ങളോട് അങ്ങനെ പറഞ്ഞത്..?"
"ആരെങ്കിലും പറയണോ? സ്നേഹം നിറഞ്ഞ ഒരു ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞില്ലേ. അതുതന്നെയല്ലേ വലിയ ഭാഗ്യം. ഇനിയുമൊരുപാട് ആ ജന്മം ആ ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..."
          ചെറുപ്പം തൊട്ടേ മനസ്സില്‍ കയറിക്കൂടിയ ഒരു  സംശയമുണ്ടായിരുന്നു. ഞാന്‍ ഭാഗ്യവാനാണോ?. സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ തന്നെയാണ് ആ സംശയത്തിനു വിത്തുപാകിയത്.
"എടാ, നീ നല്ല ഭാഗ്യമുള്ളോനാ.. നോക്കിയേ, നിന്റെ രണ്ടു കണ്‍പുരികങ്ങളുംകൂടിച്ചേര്‍ന്നിട്ടാണ്... പോരാത്തതിന് നഖത്തിന് മുകളില്‍ നിറയെ വെളുത്ത പുള്ളികളുമുണ്ടല്ലോ.."
          പക്ഷെ, എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗോട്ടി കളിയിലും കണ്ണുപൊത്തിക്കളിയിലും വരെ തോറ്റുതൊപ്പിയിട്ടിരുന്ന ഞാനെങ്ങനെ ഭാഗ്യവാനാകും? ഇതൊക്കെ വെറുതെ പറയുന്നതാകുമോ? ഏതായാലും ഉമ്മയോട് തന്നെ ചോദിക്കാം.
ഈ കഥയൊക്കെ കേട്ടപ്പോള്‍ ഉമ്മ പൊട്ടിച്ചിരിക്കുകയായിരുന്നു.
" മോനെ, ഭാഗ്യമെന്നു പറയുന്നത് പുറമേ കാണാനൊന്നും കഴിയില്ല. അവരതുമിതുമൊക്കെ പറയും.."
ഉമ്മ ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ പുറത്തു തടവിയിട്ടു പറഞ്ഞു:
"ഭാഗ്യമുറങ്ങുന്നത് സ്വന്തം മനസ്സിന്റെ നന്മയിലാണ്. എല്ലാം തരുന്നത് പടച്ചോനല്ലേ. ആ പടച്ചോന്‍  മ്മളെ മനസ്സിലെക്കല്ലേ മോനെ നോക്കൂ.."
          പുറത്തിപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്. മഴയെത്തുന്നത് പലപ്പോഴും കണ്ണീരിന്റെ നനവോടെയാണ്. പണ്ട് ഇതുപോലൊരു പെരുമഴക്കാലത്താണ് ഉപ്പ മരിച്ചത്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. മുക്കുവന്‍ ആയിരുന്നു ഉപ്പ. വെയിലുദിക്കുമ്പോഴേക്കും  പങ്കായവും മീന്‍ വലയുമായ് ഉപ്പ പോകും. ഉമ്മയും ഞാനും അനിയനും രാത്രി വൈകും വരെ ഉപ്പയെയും കാത്തു കോലായിലിരിക്കും. വരുമ്പോള്‍ വലത്തേ കയ്യില്‍ വലിയൊരു മീനും ഇടത്തെ കയ്യില്‍ ഉപ്പയെ പോലെ നീണ്ടു മെലിഞ്ഞ ഒരു ടോര്ച്ചുമുണ്ടാകും. ഇടിയും മിന്നലും മാറി മാറിയെറിഞ്ഞു പെയ്യുന്ന ഒരു മഴക്കാല രാത്രി. അന്ന് പക്ഷെ, ഉപ്പ വന്നത് ഒറ്റക്കല്ലായിരുന്നു. ചൂട്ടിന്റെ വെളിച്ചത്തില്‍ കുറച്ചാളുകളുടെ നിഴലുകളാണ് ആദ്യമെത്തിയത്. മുന്നില്‍ വന്ന അയല്‍വാസി അസീസ്ക്കന്റെ തോളില്‍ കിടക്കുകയായിരുന്നു ഉപ്പ. പിന്നാലെ പത്തോളം നാട്ടുകാരും. ഉപ്പാനെ കോലായിലേക്ക് കിടത്തി.
"കടലിളകിയിരിക്കുകയായിരുന്നു. ഞാന്‍ കുറേ പറഞ്ഞതാ പോണ്ടാന്നു.. കേള്‍ക്കണ്ടേ.. കടലടങ്ങിയപ്പോ കരയില്‍ മരിച്ചുകിടക്കുകയായിരുന്നു.."
വിതുമ്പലോടെയാണ് അസീസ്ക്ക പറഞ്ഞു നിര്‍ത്തിയത്. 
          ഒരു നോട്ടം നോക്കാനേ ആയുള്ളൂ.. കണ്ണുകളില്‍ നിന്ന് ഒരു കടല്‍ തന്നെ ഒഴുകിവരുന്നത്‌ പോലെ. നിന്നനില്‍പ്പില്‍ ഭൂമി തന്റെ ചുറ്റും കറങ്ങുന്ന പോലെ. ഏതോ തിരക്കിനിടയില്‍ ഉപ്പയുടെ ചൂണ്ടുവിരലില്‍ നിന്നും പിടിവിട്ടു ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയത് പോലെ ഞാന്‍ ഏങ്ങി നിന്നു. ഉമ്മയുടെ ശബ്ദം അടഞ്ഞുപോയത് പോലെ. എന്തൊക്കെയോ പിറുപിറുക്കുന്നു. ഒരുവാക്കും പുറത്തേക്കു കേള്‍ക്കാനാവുന്നില്ല. എന്താണ് സംഭാവിച്ചതെന്നറിയില്ലെങ്കിലും കരഞ്ഞു മൂക്കൊലിപ്പിച്ചു ഒരു മൂലയിലൊതുങ്ങി  നില്‍ക്കുന്ന അനിയന്‍. മേലെ പാകിയ ഓടിന്റെ ചോര്ച്ചയിലൂടെ വെള്ളം ഇറ്റിവീണുകൊണ്ടിരുന്നു. മഴവെള്ളം മയ്യിത്തിന്റെ മുകളില്‍ വീഴാതിരിക്കാന്‍ കുറച്ചു മാറ്റിക്കിടത്തി. ആ വെള്ളം കോരിയെടുക്കാന്‍ ബക്കറ്റും ഒരു കഷ്ണം തുണിയുമായി ഉപ്പയുടെ മയ്യിത്തിനരികില്‍ തേങ്ങിക്കരഞ്ഞു നില്‍ക്കുന്ന എന്നിലെ പത്തുവയസ്സുകാരന്റെ മനസ്സന്നു വല്ലാതെ നീറിയിരുന്നു.
          പിന്നീടങ്ങോട്ട് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  കരഞ്ഞു മൂക്കുതുടച്ചു വീട്ടില്‍ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന ബന്ധുക്കളെ പിന്നീടാ വഴിക്ക് കണ്ടില്ല. മറ്റു വീടുകളില്‍ ജോലിക്ക് പോയി ഉമ്മ ഞങ്ങളെ വളര്‍ത്തി. ജോലി എവിടെയായിരുന്നാലും വൈകിട്ട് ഞങ്ങള്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വരുമ്പോള്‍ ഉമ്മ അടുക്കളയിലുണ്ടാകുമായിരുന്നു. ഉമ്മയുടെ വിതുമ്പലുകളും നെടുവീര്‍പ്പുകളും മാത്രമായിരുന്നു അന്നേരം അടുക്കളയില്‍ നിന്നുയര്‍ന്നിരുന്നത്. തീക്ക ലിനേക്കാളും ചൂടില്‍ തിളച്ചുമറിഞ്ഞു പുറത്തേക്കു തൂവിയിരുന്നത് ഉമ്മയുടെ മനസ്സ് തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെ ഒരു കര്‍ക്കിടക കാലം. നിര്‍ത്താതെ പെയ്യുന്ന വിശപ്പിന്റെ മഴ. അതും ഇല്ലാഴ്മയുടെ ഒത്ത നടുവിലേക്ക്.
          മഴയും വെയിലും ഇണകൂടും നേരം ക്ഷണിക്കാതെ വിരുന്നെത്തുന്ന മഴവില്ല് പോലെ ആ ക്ഷാമകാലമെല്ലാം പതിയെ ക്ഷേമത്തിനു വഴിമാറി. സന്തോഷം കളിയാടിയ ദിനരാത്രങ്ങളായിരുന്നു പിന്നീട്. വീട് പുതുക്കിപ്പണിതു. എനിക്ക് പഠിച്ചു പാസായി ഒരു നല്ല ജോലി ലഭിച്ചത് ഉമ്മയുടെ പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമായിരുന്നു. സമയമായപ്പോള്‍ ഉമ്മ തനിക്കുവേണ്ടി ഒരു പെണ്‍കുട്ടിയെയും ചൂണ്ടിക്കാണിച്ചു തന്നു. നന്മ നിറഞ്ഞ ഒരു ഭാര്യ.

******************************************************

"അയ്യേ.. ങ്ങളെന്താ കരയുകയാണോ..?"
ഭാര്യയാണ്. ഞാന്‍ കണ്ണീര്‍ തുടച്ചുകളഞ്ഞു.
"ഏയ്‌ ഒന്നുല്ല്യ. കണ്ണിലെന്തോ കരടു പോയതാണ്.."
"എന്നോടെന്തിനാ കള്ളം പറയുന്നേ.., ..നിക്കറിയാം ങ്ങള്‍ ഉമ്മാനെ പറ്റി ചിന്തിച്ചിരിക്കുകയായിരുന്നല്ലേ.. ങ്ങളിങ്ങനെ വിഷമിച്ചിരുന്നാല്‍ മരിച്ചവര്‍ തിരിച്ചു വരോ..?"
          അറിയാം.. പക്ഷെ നമ്മെ തനിച്ചാക്കിപ്പോകുന്നവര്‍ ഇടയ്ക്കെല്ലാം തിരിച്ചുവരാറുണ്ട്. ഇതുപോലെ കനലോടുങ്ങാത്ത ഓര്‍മകളായി. അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഓര്‍മ്മക്കൂട്  തുറക്കുമ്പോഴെല്ലാം കണ്ണിലെ കൃഷ്ണമണിയുടെ ആഴങ്ങളില്‍ നിന്നും ഒരു കണ്ണീര്‍ത്തുള്ളി പറന്നുപോവും. എന്നിട്ട് അകലെയെവിടെയോ ഒരു നക്ഷത്രമായി മാറും. മറവിയുടെ ഉള്ളിലേക്ക് വീശുന്ന വെളിച്ചമായി ആ നക്ഷത്രമങ്ങിനെ ഉദിച്ചു നില്‍ക്കും.
          മഴയെ കീരിമുറിക്കാനെന്ന പോലെ ശക്തമായ ഒരിടിവെട്ടി. കൂടെ മിന്നലും. കരണ്ടുപോയി. ഇപ്പോഴിങ്ങെനെയാണ്. ഒരു നല്ല മഴ പെയ്യുമ്പോഴേക്കും കരണ്ടുപോകും. ആകാശം മൂടിക്കെട്ടിയിരുന്നു. ഇപ്പോള്‍ റൂമില്‍ കട്ടിയുള്ള ഇരുട്ടാണ്‌.
          ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു. അതിന്റെ തിരിനാളം കണ്ടപ്പോഴേക്കും ഓര്‍മ്മകള്‍ പിന്നെയും കൈപിടിച്ച് കൊണ്ടുപോയി. ഇന്നലെകളിലേക്ക്. പണ്ട് കരണ്ട് കണക്ഷന്‍ ലഭിക്കാത്ത സമയത്ത് ഇരുട്ട് വീഴുന്നതിനു മുമ്പേ ഉമ്മ വിളക്ക് കത്തിച്ചു വെക്കും. ചിലപ്പോള്‍ കാറ്റ് വന്നു വിളക്കിലെ വെളിച്ചം കെടുത്തിക്കളയും. അപ്പോള്‍ ഉമ്മ അകത്തുനിന്നും വിളിച്ചു പറയും:
"മോനെ വിളക്ക് കുറച്ചു ഉള്ളിലെക്കെടുത്തുവെക്ക്. എന്നിട്ട് വേറെ രണ്ടു വിളക്ക് കൂടി കത്തിച്ചുവെക്ക്"
ഞാന്‍ ആദ്യത്തെ വിളക്ക് കത്തിച്ചതിനു ശേഷം രണ്ടാമത്തെ വിളക്ക് കത്തിക്കാന്‍ പിന്നെയും തീപ്പെട്ടിയുരച്ചു. അന്നേരം ഉമ്മ എന്നെനോക്കി ചിരിച്ചു. ഒരുപാട് നേരം.
"മോനെ, നീയെന്താ ഈ കാണിക്കുന്നേ.. ഒരു വിളക്കിന്റെ തീയ്യില്‍ നിന്നും മറ്റേ വിളക്കെല്ലാം കത്തിച്ചു കൂടെ..?"
          അന്നേരം എന്റെ വിവരക്കേട് ഓര്‍ത്തു ഞാനും ചിരിച്ചു. സൈക്കിളില്‍ നിന്നുവീണ  ചിരി. ആ വാക്കുകളില്‍ നിന്നും എനിക്കൊരുപാട് പഠിക്കാനുണ്ടായിരുന്നു. ഓരോ തിരിനാളവും അടുത്ത വിളക്കിലേക്ക് പകരാനുള്ളതാണ്. അങ്ങിനെയങ്ങിനെ ഒരായിരം വിളക്കുകള്‍ക്കു തെളിച്ചമാകാന്‍ മുനിഞ്ഞു കത്തുന്ന ഒരു തിരിനാളം മതി. ഉമ്മ കാണിച്ചുതന്നത് അതാണ്‌. മറ്റുള്ളവരെ നന്നാക്കാന്‍ പോകുന്നതിനു മുമ്പ് സ്വയം നന്നാവുക. ആ മനസ്സിലെ വെളിച്ചം പിന്നെ ഒരായിരം പേര്‍ കണ്ടുപടിക്കും. ഞാനാദ്യം കണ്ട വെളിച്ചം എന്റെ ഉമ്മയുടെ മനസ്സില്‍ നിന്നുള്ളത് തന്നെയായിരുന്നു. ആ വെളിച്ചത്തിന് ഒരു ആത്മാവുള്ളത് പോലെ തോന്നിയിരുന്നു. അല്ല, ഉണ്ടായിരുന്നു. കേട്ടുപോകുന്നത് വരെ മുനിഞ്ഞുകത്തുന്ന വെള്ളിവെളിച്ചം തന്നെയാണല്ലോ ഏതൊരു തിരിനാത്തിന്റെയും ആത്മാവ്.  
          പുറത്തു മഴ തോര്‍ന്നെന്നു തോന്നുന്നു. ചാരിയിട്ട ജനവാതിലിന്റെ വിടവിലൂടെ വെളിച്ചത്തിന്റെ ഒരു കീര് അരിച്ചെത്തി. വെയിലുദിച്ചതാണ്. നേരിട്ട് കണ്ണിലേക്കു പതിച്ച പ്രകാശം ആദ്യം കണ്ണിനെ വിഷമിപ്പിച്ചുവെങ്കിലും പതിയെ ഒരു കുളിര്‍ കോരിയിട്ടു. പെട്ടെന്ന് കരണ്ടും വന്നു.
"ദേ, ചോറ് ആയിട്ടുണ്ടേ, വരൂ കഴിക്കാം..."
സമയം പോയതറിഞ്ഞില്ല. നേരം ഉച്ചയായിരിക്കുന്നു.
"ദാ വരുന്നൂ.."
          ഇന്നലെകളില്‍ നിന്നിറങ്ങി ഓര്‍മകളുടെ ജനവാതില്‍ വലിച്ചടച്ചു ഇന്നിന്റെ തിരക്കിലേക്ക് ഞാന്‍ വിളികേട്ടു....

--------------------------------------------- മോന്‍സ്
Hakeem Cheruppa -Al khobar - Saudi Arabia

3 comments:

  1. ഒരുപാട് സന്തോഷം..
    ഒപ്പം നന്ദിയും..

    ReplyDelete
  2. ഈ ബന്ധം എന്നും നില നിൽക്കട്ടേ , ഇത് പോലെ ഒരു പാട് കലാകാരന്മാർ ഈ M P A കലാ കുടുമ്പത്തിലേക്ക് വന്നണയട്ടെ best wishes

    ReplyDelete
  3. Very good story complete nostalgic thank you mons

    ReplyDelete